Monday, December 29, 2008

ചങ്കും ചെമ്പരത്തിപൂവും water melon ജ്യൂസും

ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തി പൂവെന്ന് അവള്‍ പറയും

അതിനാല്‍ ചങ്കെടുത്തു ജ്യൂസടിച്ചു ഞാന്‍ അവള്‍ക്ക് കൊടുത്തു

"water melon ജ്യൂസിനെന്തേ ഇത്ര thickness?!"

"blood is thicker than water!" എന്ന് ഞാന്‍

അവളുടെ കണ്ണ് നിറഞ്ഞു: എന്റെ മനസ്സും

പക്ഷെ അന്ന് മുതല്‍ അവളെന്നെ 'ആങ്ങളെ' എന്ന് വിളിച്ചു :-(അനുബന്ധം:
ആദ്യത്തെ കവിത , അവസാനത്തെയും. ഉമേഷിനു ഗദ്യ കവിത എഴുതാം എങ്കില്‍ എനിക്കെന്തേപറ്റില്ല ? "ആന വാ പൊളിക്കുന്നതു കണ്ടു..." എന്ന് നിങ്ങള്‍ പറഞ്ഞതു ഞാന്‍ കേട്ടു ;-)

സത്യത്തില്‍ നിങ്ങള്‍വിചാരിക്കുന്ന പോലെ അത്ര ബുദ്ധിമുട്ടുള്ള പണി അല്ല ഗദ്യ കവിത എഴുത്ത്. പദസമ്പത്ത് വേണ്ട, വൃത്തം ഒപ്പിച്ചു എഴുതണ്ട. ഇത്രയും ശ്രദ്ധിച്ചാല്‍ മതി. ആദ്യം ഒരു പാരഗ്രാഫില്‍ എഴുതാനുള്ളത് തോന്നുന്നത് പോലെ എഴുതുക.
നിലാവ്, നിനവ്, കനവ്, മഴ, പുഴ തുടങ്ങിയ വാക്കുകള്‍ പുട്ടിനിടയ്ക്കു പീരപോലെ ചേര്‍ക്കാം. ഇനി അവിയലിന് പച്ചക്കറി നുറുക്കുന്നത് പോലെ ഏകദേശം ഒരേനീളത്തില്‍ ഉള്ള വരികള്‍ ആയിട്ടു മുറിക്കുക. ഒരേ നീളം എന്നത് തുടക്കക്കാര്‍ക്ക് ആണ്. എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് നീട്ടിയോ [രാജ് നീട്ടിയ'തി'നെ പോലെ ] കുറുക്കിയോ ['കുറു'മാനെപോലെ] ഒക്കെ എഴുതാം. താളവും അത് പോലെ തന്നെ. 'വായില്‍ തോന്നിയത് ബാബൂനു പാട്ടു' എന്നത് പോലെയോ , പുഴുവിനെ പോലെ ഇഴഞ്ഞോ മലബാര്‍ എക്സ്പ്രസ്സ് പോലെ പാഞ്ഞോ ഒക്കെയാവാം.

Thursday, December 11, 2008

ഒരു പട്ടി കഥ

ഡിസ്കൈമള്: as usual.. any resemblance is purely coincidental!!!
[T005 എന്താണെന്നു അറിയില്ലെങ്കില്‍ ഇവിടെ നിര്‍ത്തുക. വെറുതെ എന്തിന് നിങ്ങളുടെ സമയം മെനക്കെടുത്തണം. !!!]

പണ്ടു പണ്ടു, വളരെ പണ്ടു, [ഓന്തുകള്‍ക്കും ദിനോസരുകള്‍ക്കും മുന്പല്ല, 2008 ലെ അവസാന മാസത്തില്‍] ഒരു പട്ടി [നായ, നായിന്റെ മോന്‍ ] ജീവിച്ചിരുന്നു. പട്ടിയുടെ സ്ഥിതി വളരെ ദയനീയം ആയിരുന്നു. [പട്ടിണി കിടന്ന പട്ടി എന്നൊരു പ്രാസത്തിനു പറയാം.] ആഴ്ചകളായി എന്തെങ്കിലും ഭക്ഷണം കണ്ടിട്ട് തന്നെ. എന്തെങ്കിലും വയറ്റില്‍ എത്തിയില്ലെന്കില്‍, അത് രണ്ടു ദിവസം കൂടി ജീവിച്ചിരിക്കാന്‍ സാധ്യത തീരെ ഇല്ല.

പട്ടിയുടെ ഭാഗ്യം എന്ന് പറയട്ടെ, [ഭാഗ്യം എന്നത് വര്‍ത്തമാന കാലത്തിലെ പ്രയോഗം] രണ്ടു പേര്‍ അതിലെ വന്നൂ. അവരെ കണ്ടതും എണീറ്റ്‌ പട്ടി വാലാട്ടാന്‍ തുടങ്ങി. പാവം, തന്റെ ശേഷിച്ച ജീവന്‍ കൊണ്ടാണ് അത് വാലാട്ടുന്നത് തന്നെ. പട്ടി പട്ടിയാണെന്നും [വേറെ ഏത് നായിന്റെ മോന്‍ കാണിക്കും നന്ദി], പട്ടി ലേലം സിനിമ കണ്ടിട്ടുണ്ടെന്നും [സ്മരണ വേണം തേവരേ], പട്ടിയെ തങ്ങള്‍ പണ്ടു വളര്‍ത്തിയതാണെന്നും ഭൂലോകം ഉരുണ്ടാതാണെന്നും അവര്ക്കു മനസിലായി. അവര്‍ പട്ടിയുടെ ആയ കാലത്തേക്കുള്ള [every dog has a day എന്നല്ലേ, കാലം] ഒരു ഫ്ലാഷ് ബാക്കിലേക്ക്‌ പോയി.

പട്ടി ജനിച്ചത്‌ നാല് വര്‍ഷങ്ങള്‍ക്കു മുന്പ് സമൃദ്ധിയുടെ നടുവില്‍ 57 അംഗങ്ങളുള്ള ഒരു കൂട്ട് കുടുംബത്തിലായിരുന്നു. പട്ടിയെ നോക്കാന്‍ അവര്‍ തമ്മില്‍ മല്‍സരമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തറവാട്ട്‌ വീട് ഉപേക്ഷിച്ച് അംഗങ്ങള്‍ പലയിടങ്ങളിലേക്ക്‌ ചേക്കേറി. പട്ടിയെ നോക്കാന്‍ ആരുമില്ലാതെയായി. മാസത്തിലൊരിക്കല്‍ വീട് നോക്കാന്‍ ആരെങ്കിലും വന്നാലായി. ഒടുവില്‍ അതും ഇല്ലാതെയായി. മുതല പിടിച്ചു മരിച്ച [ചത്ത, കഥാനായകന്‍റെ വര്‍ഗം ആയതു കൊണ്ടു ഇത്തിരി ബഹുമാനം..] "വെള്ളപ്പോക്കത്തിലെ നായ" എത്ര ഭാഗ്യവാന്‍ : വെള്ളം കുടിച്ചു മരിച്ചല്ലോ; എന്ന് പോലും അതിന് തോന്നി.

തങ്ങളുടെ പട്ടിയെ വയസുകാലത്ത് ഉപേക്ഷിച്ചതില്‍ അവര്ക്കു വിഷമം തോന്നി. അവര്‍ കൂടു കുടുംബത്തിലെ സകലരെയും വിവരം അറിയിച്ചു ["താനൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ, ചാവാറായ ഒരു പട്ടിയെ കണ്ടാല്‍ ആരെങ്കിലും ടെലെഗ്രാം അയക്കുമോ?" കഥയില്‍ ചോദ്യം ഇല്ല എന്ന് മാത്രം പറയട്ടെ. ]. എല്ലാവരും വരും എന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക്കു ഭക്ഷണ സാധനങ്ങളുമായി 20 പേര്‍ മാത്രം എത്തി. അത് തന്നെ ധാരാളമായിരുന്നു.. പാവം പട്ടിയുടെ വയറിനും വാലിനും ഒരു ദിവസത്തേക്ക് വിശ്രമമേ ഉണ്ടായില്ല. വീണ്ടും കണ്ടു മുട്ടിയതിന്റെ ആഘോഷവും വിശേഷം പറച്ചിലും ഒക്കെ ആയി കുടുംബാംഗങ്ങള്‍ക്ക് ആ രാത്രി അല്പം നീണ്ടതായിരുന്നു.

രാവിലെ ഉണര്‍ന്നു പട്ടിക്കൂട്ടില്‍ വന്നു നോക്കിയ അവര്‍ കണ്ടത് പട്ടിയുടെ ചേതന അറ്റ ശരീരം ആയിരുന്നു. പട്ടിണി കിടന്നു തളര്‍ന്ന അതിന്റെ ആമാശയത്തിനു അത്രയും ഭക്ഷണം ദഹിപ്പിക്കാനുള്ള കെല്പ് ഉണ്ടായിരുന്നില്ല :-(