Thursday, July 31, 2008

നാലു പെണ്ണുങ്ങൾ Part 2: ബാല്യകാലസഖി

"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണ്. വക്കുകളില്‍ ചോര പൊടിഞ്ഞിരിക്കുന്നു. ചോര കാണുവാന്‍ പേടിയുള്ളവര്‍ ഇതു വായിക്കരുത്"
(ചുമ്മാതാ,  ബഷീറിന്റെ ബാല്യകാലസഖിയുടെ അവതാരികയില്‍ നിന്നു)

ഇതു ഒരു പഴയ സംഭവ കഥയാണ്. കഥയിലെ നായിക സരോജിനിയും [1]  കഥാനായകന്‍ ഈ ഞാനുമത്രേ. ഈ ഞാന്‍ എന്ന് പറഞ്ഞാല്‍ അത്ര ശരിയല്ല, "ത്രേതായുഗത്തിലെ എലുമ്പന്‍ ഞാന്‍ " (ഈ പ്രയോഗത്തിന് N മോഹനനോടു കടപ്പാട്).

കഥാനായികയെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് അഞ്ചാം ക്ലാസ്സിലെ ആദ്യദിവസം ആണ്. ആദ്യത്തെ ബെന്ചില്‍ തന്നെ ഇരുന്നു തല്ലു കൂടുന്ന എന്നെ, ക്ലാസ്സ് ടീച്ചര്‍[] [][ജോസഫ്‌ സർ   വിളിപ്പിച്ചു.

"നിനക്കു ഈ ക്ലാസ്സിന്റെ മോണിറ്റര്‍ (ലീഡര്‍ /rep) ആകാമോടാ?"
ഞാന്‍ ഇല്ലെന്നു തലയാട്ടി. അധികാരത്തോടുള്ള നിസംഗതയൊന്നും അല്ല, അന്നും ഇന്നും ഉള്ള ആത്മവിശ്വാസകുറവ്‌ തന്നെ കാരണം.
"പിന്നെ നിന്നെ കൊണ്ടു എന്ത് പറ്റും? ദാ, ഇവിടെ ഇരിക്കുന്ന ഒരെണ്ണത്തിനെ കെട്ടാന്‍ പറ്റുമോ?"
പെണ്‍കുട്ടികളുടെ നേരെ കൈ ചൂണ്ടികൊണ്ടാണ് ചോദ്യം. ഒന്നേ നോക്കിയുള്ളൂ., രണ്ടാം നിരയില്‍ ആദ്യം ഇരിക്കുന്നവളെ കണ്ടു, ഇഷ്ടായി. മൌനം സമ്മതം എന്ന് അര്‍ത്ഥമാക്കി ഞാന്‍ തല താഴ്ത്തി. (നാണം സ്മൈലി)

ദിവസങ്ങള്‍ കഴിഞ്ഞു. ആദ്യത്തെ ബഞ്ചിലിരുന്നുള്ള എന്റെ തല്ലുകൂടല്‍ സഹിക്കാന്‍ വയ്യാതെ ജോസഫ് സര്‍ എന്നെ പിടിച്ചു രണ്ടാമത്തെ ബഞ്ചിന്റെ ആദ്യ സീറ്റില്‍ ഇരുത്തി. RFC അറിയാത്ത പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എന്ന പോലെ ഞാന്‍ നിമിത്തങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ വെറും 2 അടി ശൂന്യസ്ഥലം മാത്രം.

UP സ്കൂളിലെ ഒരു പ്രത്യേകത എന്തെന്നു വച്ചാൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം ശത്രുക്കളായിരിക്കും. തരം കിട്ടുമ്പോൾ അങ്ങൊട്ടുമിങ്ങോട്ടും പാരവച്ചും തല്ലു കൂടിയും അങ്ങിനെ അങ്ങിനെ...

അതുകൊണ്ടു തന്നെ പിന്നീടുണ്ടായത്‌   നായകൻ നായികയെ  മൈൻഡ് ചെയ്യാതെ, മൗനത്തിലൂടെ മാത്രം സംസാരിച്ച്‌ , വാചാലം എൻ മൗനവും നിൻ മൗനവും... എന്ന് മനസ്സിൽ മാത്രം പാട്ടും പാടി ദിവസങ്ങൾ തള്ളിനീക്കുന്നതാണു.

ഇതിനൊരു മാറ്റം വരുത്തിയതു ആനിയമ്മ ടീച്ചർ ആണു. കളികളിൽ പെൺകുട്ടികളെ കൂടെ ഉൾപ്പെടുത്താനും അതു വഴി സൗഹൃദം വളർത്താനുമുള്ള ടീച്ചറിന്റെ ഉപദേശം ഞങ്ങൾ നെഞ്ചിലേറ്റി. അഞ്ചാം ക്ലാസ്‌ മറ്റു ക്ലാസുകൾക്കു ഒരു മാതൃകയും കൗതുകവും ആയി. കള്ളനും പോലിസും (പെൺകുട്ടികൾ പോലീസും ആൺകുട്ടികൾ കള്ളന്മാരും) കളിക്കുമ്പോൾ മറ്റാർക്കും പിടികൊടുക്കാതെ ഞാൻ അവൾക്കു മുൻപിൽ അറസ്റ്റു വരിച്ചു. പക്ഷെ അവിടെയും ഇമേജ്  കോണ്‍ഷ്യസ്  ആയ IPS കാരി, തലയിൽ കൈ വച്ചു അറസ്റ്റു ചെയ്യണം എന്ന പ്രോട്ടോക്കോളിനും  ഇന്ത്യൻ ശിക്ഷാനിയമത്തിനും എതിരായി, ക്രിമിനലിനെ ഒരു വടി ഉപയോഗിച്ചായിരുന്നു അറസ്റ്റു ചെയ്തിരുന്നതു. വരണമാല്യത്തിനു തലകുനിച്ചുകൊടുക്കുമ്പോൾ ഉലക്കയ്ക്ക്‌ അടിയേറ്റ വരനെപ്പോലെയായി ഞാൻ  :(  എങ്കിലും വടികൊണ്ടു തലയിൽ തൊടുമ്പോൾ എന്നെ നോക്കി അവൾ ചിരിച്ചില്ലേ?

ഒടുവിൽ ആ ദിവസം വന്നെത്തി. അവൾ ആദ്യമായി എന്നോടു തനിച്ചു സംസാരിച്ച ദിവസം! അന്നുച്ചയ്ക്കു നായകൻ നേരത്തെ ലഞ്ച്‌ കഴിച്ചു തിരിച്ചെത്തിയപ്പോൾ ക്ലാസിൽ നായിക മാത്രം. ഞങ്ങളെ രണ്ടു പേരെയും ഒറ്റയ്ക്കു ക്ലാസിൽ കണ്ടു ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞുണ്ടക്കിയാലൊ! ഞനൊരു ആൺകുട്ടി, എന്റെ കാര്യം പോട്ടെ; അതുപോലാണോ, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ കാര്യം. വെറുതെ ഒരു പെൺകുട്ടിക്കു ചീത്തപ്പേരുണ്ടാക്കണ്ട  എന്നു കരുതി പുറത്തേക്കിറങ്ങാൻ തുടങ്ങിയ എന്നെ അവൾ പിന്നിൽ നിന്നു വിളിച്ചു.  (ആ കഥാ പ്രസംഗക്കാരുടെ സിംബൽ ശബ്ദം ഒന്നിട്ടെക്കൂ )

 ഞെട്ടി തിരിഞ്ഞുനോക്കിയ ഞാൻ, അവളുടെ മുഖത്തു ഒരു കള്ളച്ചിരിയും, നാണവും, പറയണൊ വേണ്ടയൊ എന്നൊരു കണ്ഫ്യൂഷനും ഉം കണ്ടു. ആയിരം മഴവില്ലുകൾ കണ്ടു. കൊട്ടും കുരവയും കേൾക്കാൻ നിന്നാൽ അവൾ പറയുന്നതു മിസ്സായാലോ  എന്നു ഭയന്നു അതു  പിന്നത്തേക്ക് വച്ചു. അതിനെ കോമ്പൻസേറ്റ്‌ ചെയ്യാനെന്നോണം എന്റെ ഹൃദയം പെരുമ്പറ കൊട്ടി.

ഒന്നു മടിച്ചിട്ടു അവൾ പറഞ്ഞു...

"ബാബൂന്റെ അരഞ്ഞാണത്തിന്റെ വാൽ പുറത്തു കിടക്കുന്നു"

 [1] യഥാർത്ഥ പേരല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.